ആലുവ: മോഷ്ടിച്ച മൊബൈലും എടിഎം കാർഡും ഉപയോഗിച്ച് ബാങ്കിൽ നിന്ന് പണം പിൻവലിച്ച സംഭവത്തിൽ യുപി സ്വദേശി അറസ്റ്റിൽ. ഉത്തർപ്രദേശ് അലി ഗ്രാഹ് സ്വദേശി ഇമ്രാൻ ഖാൻ (34)നെയാണ് വൈറ്റില ഹബ്ബിന് സമീപത്തെ ലോഡ്ജിൽ നിന്നും ആലുവ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ 14നായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂർ - സാമ്പാളൂർ സ്വദേശിയായ യുവാവ് ആലുവ കുട്ടമശേരിയിൽ ഓൺലൈൻ പരീക്ഷ എഴുതാനെത്തിയപ്പോൾ ഇയാളുടെ സ്കൂട്ടറിൽ നിന്നും പ്രതി മൊബൈലും എടിഎം കാർഡും മോഷ്ടിക്കുകയായിരുന്നു. ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചായിരുന്നു മോഷണം. മോഷ്ടിച്ച മൊബൈലിലെ സിം മറ്റൊരു ഫോണിലിട്ട് ഒടിപി സഹായത്തോടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 65,000 രൂപ പിൻവലിച്ചു. പിന്നീട് പാസ് വേർഡും മാറ്റി.
പരീക്ഷ കഴിഞ്ഞെത്തിയപ്പോഴാണ് മൊബൈലും എടിഎം കാർഡും മോഷണം പോയ വിവരവും പണം പിൻവലിച്ചതും യുവാവ് അറിയുന്നത്. ഇതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
തമിഴ്നാട്, യുപി എന്നിവിടങ്ങൾ കൂടാതെ കേരളത്തിൽ ആലുവ, കൊല്ലം, കിളികൊല്ലൂർ , തൃശൂർ എന്നിവിടങ്ങളിലും സമാന രീതിയിൽ പ്രതി മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാത്തതിനാൽ പ്രതിയെ പിടികൂടാൻ യുപി പോലീസിനും കഴിഞ്ഞിരുന്നില്ല.
പത്തോളം ഇരുചക്രവാഹനങ്ങളുടെ താക്കോലുകൾ, മൂന്ന് മൊബൈൽ ഫോണുകൾ, നിരവധി പേഴ്സുകൾ എന്നിവ പ്രതിയുടെ പക്കൽനിന്നും കണ്ടെടുത്തു.